പരീക്ഷക്കാലത്ത് ചെയ്യേണ്ടത്

Unknown
മാര്‍ച്ച് മാസം പരീക്ഷക്കാലം തന്നെ. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന കാലം. പരീക്ഷയടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിയാണ്. തോല്‍വി സംഭവിച്ചാലുണ്ടാവുന്ന മാനക്കേട് കൊണ്ടാണിത് ഉണ്ടാസുന്നത്. പരീക്ഷപ്പേടി അല്‍വവേം വേണം. ഇല്ലെങ്കില്‍ പഠനം നടക്കില്ല. അത് അധികമാകാന്‍ പാടില്ല. പരീക്ഷയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് രണ്ട് സുപ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പരീക്ഷിച്ചുനോക്കാനുള്ള സ്ഥലമല്ല പരീക്ഷാ ഹാള്‍. പരീക്ഷിച്ചും പരിശീലിച്ചും നോക്കേണ്ടത് വീട്ടില്‍ത്തന്നെ. എന്താണ് നിങ്ങള്‍ എഴുതിയത്? എങ്ങനെയാണ് അത് അവതരിപ്പിച്ചത്? മോശമായി ഉത്തരമെഴുതിയ പേപ്പറുകളേക്കാള്‍, മോശമായ കൈപ്പടയിലെഴുതിയ ഉത്തരക്കടലാസ്സുകളെയാണ് പരീക്ഷകര്‍ അധികം വെറുക്കുന്നത്. വായിക്കാന്‍ വയ്യാത്ത കൈപ്പട, അവിടെയുമിവിടെയും കുത്തിച്ചേര്‍ക്കുന്ന വാക്കുകള്‍, പല സ്ഥലത്തും മഷി പടര്‍ത്തല്‍, എഴുതിയതിന്റെ പുറത്തെഴുതല്‍, എഴുതിയത് വെട്ടിക്കളയല്‍ – ഇതൊക്കെ കിട്ടേണ്ട മാര്‍ക്ക് കിട്ടാതിരിക്കാന്‍ കാരണമാകും. പരീക്ഷകന്റെ ക്ഷമ പരീക്ഷിക്കരുത്.

ഉത്തരക്കടലാസിന്റെ ഓരോ പേജും തോട്ടക്കാരനുള്ള പൂന്തോട്ടം പോലെ, കാണാന്‍ കൗതുകമുള്ളതായിരിക്കണം. ഖണ്ഡികകള്‍ തിരിച്ചും ആശയങ്ങള്‍ അക്കമിട്ടെഴുതിയും അടുക്കും ചിട്ടയിലും ഉത്തരങ്ങള്‍ അവതരിപ്പിക്കുക. ഉത്തരക്കടലാസിലെ ആദ്യത്തെയും അവസാനത്തെയും ഉത്തരങ്ങള്‍ ഏറ്റവും നല്ലതാകട്ടെ. പരീക്ഷകന് നിങ്ങളെപ്പറ്റി മതിപ്പ് തോന്നണം. വീട്ടിലായിരിക്കുമ്പോള്‍ ഒരു മാതൃകാ പരീക്ഷ നടത്തി ആത്മവിശ്വാസം കൈവരിക്കാം. വേണ്ടതെല്ലാം ഉള്‍പ്പെടുത്തിയും വേണ്ടാത്തത് ഒഴിവാക്കിയും കുറിക്കു കൊള്ളുന്ന ഉത്തരമെഴുതണം. മനസ്സില്‍ തോന്നുന്നതെല്ലാം വലിച്ചുവാരി എഴുതരുത്. പേജ് നിറക്കാന്‍ വേണ്ടി അസംബന്ധം എഴുതിപ്പിടിപ്പിക്കരുത്.

കുട്ടികളെ ബാധിക്കുന്ന ഒന്നാണ് മറവി . പരീക്ഷക്ക് പഠിക്കുന്നത് മറക്കുന്നു. എത്ര പഠിച്ചാലും പരീക്ഷാ ഹാളിലേക്ക് കയറിയാല്‍ ഒരക്ഷരം പോലും എഴുതാന്‍ കഴിയാതെ വിഷമിക്കുന്ന വിദ്യാര്‍ഥികളുണ്ട്. വിയര്‍ക്കലും വേവലാതിയും അധികമാകുന്നു. ഇതിനെന്താണ് പരിഹാരം? നാം മനസ്സിലേക്ക് കൊടുക്കുന്ന നിര്‍ദേശങ്ങളാണ് നമ്മെ ചലിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. എനിക്ക് കഴിയില്ല, അത് എന്നെക്കൊണ്ടാകില്ല എന്ന് പറയുന്നുവെങ്കില്‍ ഉടനെ ചെയ്യുന്ന ജോലിയില്‍ നിന്ന് പിന്മാറി കട്ടിലില്‍ കിടക്കാന്‍ പോകും. കാരണം ഉപബോധമനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചത് എനിക്ക് കഴിയില്ലെന്നതാണ്. ഇതുപോലെ എനിക്ക് മറവിയാണ്, പഠിച്ചിട്ടൊന്നും കാര്യമില്ല, ഞാന്‍ തോല്‍ക്കും എന്നൊക്കെയുള്ള നിര്‍ദേശങ്ങളാണ് മനസ്സിന് നല്‍കുന്നതെങ്കില്‍ ഉറപ്പ്, അതുമാത്രമേ മനസ്സ് നിര്‍വഹിക്കുകയുള്ളൂ.

പഠിക്കും മുമ്പ് എല്ലാം പോസിറ്റീവായി കാണുക. നിഷേധാത്മകമായ ചിന്തകളെ വെടിയുക. രക്ഷിതാക്കള്‍ മക്കളുടെ പഠനം കാണുമ്പോള്‍ ഉരുവിടുന്ന വചനമുണ്ട്; ‘നീയൊന്നും പഠിച്ചിട്ട് കാര്യമില്ല, നീ മണ്ടനാണ്’ ഇതുപോലെ നിങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നുവെങ്കില്‍, ഉറപ്പ് അവര്‍ അതുതന്നെ ആയി മാറും. അതേ സ്ഥാനത്ത് പ്രോത്സാഹനത്തിന്റെ വചനങ്ങള്‍ ഓതിനോക്കൂ, അവരില്‍ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഉപബോധമനസ്സിന്റെ പ്രവൃത്തി അതിന് നല്‍കുന്നത് തിരിച്ചും നല്‍കുക എന്നതാണ്. നാം വായിക്കുന്നതിന്റെ 10 ശതമാനവും നാം കേള്‍ക്കുന്നതിന്റെ 20 ശതമാനവും നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിന്റെ 50 ശതമാനവും നാം പറയുന്നതിന്റെ 70 ശതമാനവും നാം പറയുന്നതിന്റെയും ചെയ്യുന്നതിന്റെയും 90 ശതമാനവും നാം ഓര്‍ക്കുന്നു . പഠിച്ചത് മറക്കാതിരിക്കാന്‍ വായിച്ചാല്‍ മാത്രം മതിയോ? ക്ലാസ്സില്‍ അധ്യാപകന്‍ ക്ലാസ്സ് എടുക്കുന്നത് കേള്‍ക്കുക മാത്രം ചെയ്യുന്ന വിദ്യാര്‍ഥിക്ക് എ പ്ലസ് നേടാന്‍ കഴിയുമോ? അപ്പോള്‍ വായനയും ശ്രവണവും മാത്രം പോരാ. സ്വയം ചെയ്തു പഠിക്കുകയും വേണം.

പരീക്ഷക്ക് പഠിക്കുന്നു എന്ന ചിന്ത മാറ്റുക. പരീക്ഷയെ ആത്മവിശ്വാസത്തോടും സന്തോഷത്തോടും കൂടി സ്വീകരിക്കുക, പരീക്ഷയെക്കുറിച്ച് അനാവശ്യ ഭീതി മനസ്സില്‍ വളര്‍ത്താതിരിക്കുക, മുമ്പ് പരീക്ഷ എഴുതിയവരോട് അനുഭവങ്ങള്‍ ചോദിച്ചറിയുക, പഴയ ചോദ്യ പേപ്പറുകള്‍ ശേഖരിക്കുക, മുന്‍വര്‍ഷങ്ങളിലെ ചോദ്യഘടനയുടെ അടിസ്ഥാനത്തില്‍ ഓരോ ചോദ്യോത്തരവുമെഴുതിത്തീര്‍ക്കാനുള്ള സമയം മുന്‍കൂട്ടി നിശ്ചയിക്കുക, പരീക്ഷയുടെ തലേ ദിവസം രാത്രിയും പരീക്ഷാ ദിവസം പുലര്‍ച്ചെയും ഏറെ നേരം വായിക്കരുത്. ഉന്മേഷം നഷ്ടപ്പെടും. പരീക്ഷയുടെ തലേ ദിവസം കൂടുതല്‍ ഉറക്കമൊഴിച്ച് പഠിക്കരുത്. നേരത്തെ ഉറങ്ങുക. വേവലാതിപ്പെടാതെ, വെപ്രാളം പിടിക്കാതെ മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ട് പരീക്ഷക്ക് തയ്യാറാകുക.വീട്ടില്‍ നിന്നു പരീക്ഷാ കേന്ദ്രത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് പരീക്ഷക്കാവശ്യമുള്ള സാധനസാമഗ്രികള്‍കൈവശമുണ്ടോ എന്ന് പരിശോധിക്കുക. പരീക്ഷാ സമയത്ത് അമിതമായി വിയര്‍ക്കാതിരിക്കുന്നതിനായി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറയാതിരിക്കുന്നതിനായി കഴിയുന്നതും പരീക്ഷക്ക് മൂന്ന് മണിക്കൂര്‍ മുമ്പ് മാത്രം ഭക്ഷണം കഴിക്കുക. പരീക്ഷക്ക് നേരത്തെ എത്താന്‍ ശ്രമിക്കുക.

പരീക്ഷാ ഹാളില്‍ കയറുമ്പോള്‍ ധൃതിയില്‍ പുസ്തകം വായിക്കരുത്. ടെന്‍ഷനുണ്ടാകുന്ന കാര്യം ചെയ്യരുത്.12 ഗ്ലാസ് വെള്ളം നിത്യം കുടിക്കുക. ആത്മവിശ്വാസത്തോടെ… സമചിത്തതയോടെ…, ശുഭാപ്തി വിശ്വാസത്തോടെ… പരീക്ഷാഹാളില്‍ പ്രവേശിക്കുക. പരീക്ഷാ ഹാളില്‍ പേപ്പര്‍ കിട്ടുന്നതിന് മുമ്പ് മനസ്സിനെ ശാന്തമാക്കാന്‍ പ്രാര്‍ഥന നടത്തണം. നാം പഠിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെ ആകുക. പരീക്ഷക്ക് തയ്യാറാകുന്നതിനും അവ സുഗമമാകുന്നതിനുമുള്ള ആത്മശക്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് സ്രഷ്ടാവ് നല്‍കുന്നു. ഹൃദയത്തില്‍ നിന്നും പ്രാര്‍ഥന ഉണ്ടാകണം. ഹൃദയസാന്നിധ്യമില്ലാത്ത പ്രാര്‍ഥന കൊണ്ട് ഫലമുണ്ടാകില്ല. പഠിച്ചതുകൊണ്ടു മാത്രം വിജയം ലഭിക്കില്ല. പ്രാര്‍ഥിക്കണം. കാരണം എല്ലാം സ്രഷ്ടാവിന്റെ പക്കലാണ്. നാം എത്ര ശ്രമിച്ചാലും നാഥന്റെ അനുഗ്രഹമില്ലെങ്കില്‍ എല്ലാം നിഷ്ഫലമാകും. സ്റ്റഡി ലീവിനോ പരീക്ഷാ ദിവസങ്ങളിലോ അസുഖമുണ്ടായാല്‍ മതി; സ്വപ്‌നങ്ങള്‍ തകരും, പ്ലാനുകള്‍ തെറ്റും, അസ്വസ്ഥരാകും. പരീക്ഷക്ക് പോകുന്ന വഴിയില്‍ വെച്ച് അപകടം സംഭവിച്ചാല്‍ നമ്മുടെ ലക്ഷ്യങ്ങളെല്ലാം തെറ്റും നേടിയതെല്ലാം നഷ്ടമാകും. സ്രഷ്ടാവിന്റെ അനുഗ്രഹമില്ലാതെ എല്ലാം നേടാമെന്ന് വിചാരിക്കരുത്. അവനില്‍ ഭാരമേല്‍പിച്ച് പ്രവര്‍ത്തിക്കുക കൂടി ചെയ്താല്‍ വിജയം തീര്‍ച്ച. വിത്ത് വിതക്കാതെ പ്രാര്‍ഥിച്ചതു കൊണ്ട് വിളവ് ലഭിക്കില്ല. വിത്ത് വിതക്കുക പ്രാര്‍ഥിക്കുക. പഠിക്കുക പ്രാര്‍ഥിക്കുക. എന്നാല്‍ വിജയം നിങ്ങള്‍ക്ക് മുമ്പില്‍. ഓട്ടമത്സരത്തില്‍ പകുതി ഓടിയിട്ട് ബാക്കി പ്രാര്‍ഥനയുമായി ഇരുന്നാല്‍ തോല്‍ക്കും. ഓട്ടത്തിന് മുമ്പ് പ്രാര്‍ഥിക്കുക. അറ്റം വരെ ഓടുക. കളി കഷായവും പഠനം പാല്‍പ്പായസവുമായി കാണുക.


ഡോ. സലാം ഓമശ്ശേരി

http://www.sirajlive.com

Rate This Article

Thanks for reading: പരീക്ഷക്കാലത്ത് ചെയ്യേണ്ടത്, Sorry, my English is bad:)

Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.